1. കഅബ് ബിൻ അഷ്റഫിന്റെ കൊലപാതകം
(ബുഖാരി – 1572)
ജാബിർ (റ) പറയുന്നു:
“ഒരിക്കൽ തിരുമേനി (സ) ചോദിച്ചു: ‘കഅബ് ബിൻ അഷ്റഫിന്റെ കാര്യം ഏറ്റെടുക്കാൻ ആരുണ്ട്? അവൻ അല്ലാഹുവിനെയും അവന്റെ ദൂതനെയും വല്ലാതെ ഉപദ്രവിക്കുന്നുണ്ട്.’
മുഹമ്മദ് ബിൻ മസ്ലമ എഴുന്നേറ്റുനിന്നു പറഞ്ഞു: ‘ഞാൻ അവനെ കൊല്ലുന്നത് അവിടുന്ന് ഇഷ്ടപ്പെടുന്നുണ്ടോ?’
‘അതെ.’ തിരുമേനി അരുളി.
മുഹമ്മദ് ബിൻ മസ്ലമ പറഞ്ഞു: ‘എങ്കിൽ ചില സൂത്രവാക്കുകൾ പറയാൻ അവിടുന്ന് എനിക്ക് അനുവാദം തന്നാലും.’
‘അത്തരം വാക്കുകൾ നീ പറഞ്ഞുകൊള്ളുക.’ – തിരുമേനി അരുളി.അങ്ങനെ മുഹമ്മദ് ബിൻ മസ്ലമ കഅബിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു:
‘ഈ മനുഷ്യൻ (മുഹമ്മദ്) ഞങ്ങളോട് നികുതി ചോദിക്കുന്നു. അയാൾ ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ വന്നത് കുറച്ച് കടം ചോദിക്കാനാണ്.’
ഉടനെ കഅബ് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, നിങ്ങൾ അവനെ ഭാവിയിൽ കൂടുതൽ വെറുക്കും.’
മുഹമ്മദ് ബിൻ മസ്ലമ പറഞ്ഞു: ‘ഞങ്ങൾ അദ്ദേഹത്തെ പിന്പറ്റിപ്പോയി. ഇനി അദ്ദേഹത്തിന്റെ കാര്യത്തിന്റെ പരിണാമം എങ്ങനെയാണെന്നു കണ്ടിട്ടല്ലാതെ അദ്ദേഹത്തെ കൈവിടുന്നതു ശരിയല്ലല്ലോ. താങ്കൾ ഒന്നോ രണ്ടോ വസ്ഖ് ധാന്യം ഞങ്ങൾക്കു കടം തരണം. അതിനാണ് ഞാൻ വന്നത്.’
അവൻ പറഞ്ഞു: ‘ശരി തരാം. പക്ഷെ ഉറപ്പിനു പണയം തരണം.’
‘എന്താണ് പണയമായി താങ്കൾ ആവശ്യപ്പെടുന്നത്?’ മുഹമ്മദ് ചോദിച്ചു.
‘നിങ്ങളുടെ ഭാര്യമാരെ പണയമായി ഏൽപ്പിച്ചുതന്നേക്കുക.’ അവൻ മറുപടി പറഞ്ഞു.
മുഹമ്മദ് ചോദിച്ചു: ‘ഞങ്ങളുടെ ഭാര്യമാരെ താങ്കൾക്കെങ്ങനെയാണ് പണയമായി ഞങ്ങൾ ഏൽപ്പിച്ചുതരുക? താങ്കൾ അറബികളിൽ വെച്ച് അതിസുന്ദരനാണല്ലോ.’
അപ്പോൾ അവൻ പറഞ്ഞു: ‘എങ്കിൽ മക്കളെ എനിക്കു പണയം തന്നേക്കൂ.’
അദ്ദേഹം ചോദിച്ചു: ‘എങ്ങനെയാണു ഞങ്ങളുടെ മക്കളെ താങ്കൾക്കു പണയം തരുക? ആളുകൾ അവരെ പരിഹസിക്കുമല്ലോ. “ഒരു വസ്ഖിന് അല്ലെങ്കിൽ രണ്ടു വസ്ഖിന് പണയം വെക്കപ്പെട്ടവർ” എന്നു ജനങ്ങൾ പറയാൻ തുടങ്ങും. ഇത് ഞങ്ങൾക്ക് അപമാനകരമാണ്. താങ്കൾക്കു ഞങ്ങൾ യുദ്ധായുധങ്ങൾ പണയം തരാം. ‘
മുഹമ്മദ് ബിൻ മസ്ലമയോട് പിന്നീട് വരാനും കടം കൊടുക്കാനും നിശ്ചയിച്ച് കഅബ് വാക്കു കൊടുത്തു.അനന്തരം കഅബിന്റെ മുലകുടിബന്ധത്തിലുള്ള ഒരു സഹോദരനായ അബൂ നാഇലയെയും കൂട്ടി രാത്രി മുഹമ്മദ് ബിൻ മസ്ലമ കഅബിന്റെ അടുക്കൽ ചെന്നു. കഅബ് അവരെ കോട്ടക്കുള്ളിലേക്കു വിളിച്ചു. അദ്ദേഹം അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു.
അപ്പോൾ അവന്റെ ഭാര്യ ചോദിച്ചു: ‘ഈ സമയത്ത് അങ്ങ് എവിടെ പോകുന്നു?’
‘ഇത് മുഹമ്മദ് ബിൻ മസ്ലമയും എന്റെ സഹോദരൻ നാഇലയുമാണ്.’ അവൻ മറുപടി പറഞ്ഞു.
അവൾ പറഞ്ഞു: ‘ഞാനൊരു ശബ്ദം കേൾക്കുന്നുണ്ട്. അതിൽ നിന്നും രക്തം ഇറ്റുവീഴുന്നതുപോലെ എനിക്കു തോന്നുന്നു.’
അവൻ പറഞ്ഞു: ‘അത് എന്റെ സഹോദരൻ മുഹമ്മദ് ബിൻ മസ്ലമയും എന്റെ മുലകുടിബന്ധത്തിലെ സഹോദരൻ അബൂ നാഇലയും മാത്രമാണ്. രാത്രി കുന്തമെടുത്ത് കുത്താൻ ക്ഷണിച്ചാൽ പോലും ആ ക്ഷണം സ്വീകരിക്കുന്നവനാണു മാന്യൻ. ‘
തുടർന്ന് അവൻ പറഞ്ഞു: ‘മുഹമ്മദ് ബിൻ മസ്ലമയും കൂടെ രണ്ടു പേരും അകത്തു വരട്ടെ.’മുഹമ്മദ് ബിൻ മസ്ലമ തന്റെ കൂട്ടുകാരോട് പറഞ്ഞു: ‘അവൻ ഇങ്ങോട്ടു വന്നാൽ ഞാൻ അവന്റെ മുടി പിടിച്ചു ചായ്ച്ചുകൊണ്ട് വാസനിക്കും. അവന്റെ തല എന്റെ കയ്യിൽ ഒതുങ്ങി എന്നു കണ്ടാൽ നിങ്ങൾ അവനെ പിടിച്ച് വെട്ടിക്കൊള്ളണം.’
(ഒരിക്കൽ സംഭവം വിവരിച്ചുകൊണ്ട് റാവി പറഞ്ഞു: ‘പിന്നെ ഞാൻ നിങ്ങളെക്കൊണ്ട് വാസനിപ്പിക്കും.’)അവസാനം ഒരു പുതപ്പ് പുതച്ചുകൊണ്ട് അവരുടെ അടുത്തേക്ക് അവൻ ഇറങ്ങിവന്നു. സുഗന്ധവസ്തുവിന്റെ പരിമളം അവന്റെ ശരീരത്തിൽ നിന്ന് അടിച്ചുവീശിക്കൊണ്ടിരിക്കുന്നുണ്ട്.
മുഹമ്മദ് ബിൻ മസ്ലമ പറഞ്ഞു: ‘ഇതിനെക്കാൾ നല്ല ഒരു പരിമളം ഇതിനു മുമ്പു ഞാൻ വാസനിച്ചിട്ടേയില്ല.’
ഉടനെ അവൻ പറഞ്ഞു: ‘അതെ, അറബികളിൽ വെച്ച് ഏറ്റവും സുഗന്ധമുള്ളവളും സൗന്ദര്യമുള്ളവളുമായ ഒരു സ്ത്രീയാണ് എന്റെയടുക്കലുള്ളത്.’
മുഹമ്മദ് ബിൻ മസ്ലമ ചോദിച്ചു: ‘താങ്കളുടെ തലയൊന്നു വാസനിക്കാൻ എന്നെ അനുവദിക്കുമോ?’
‘അങ്ങനെയാവട്ടെ.’ അവൻ മറുപടി പറഞ്ഞു.
അപ്പോൾ അദ്ദേഹം അവന്റെ തല പിടിച്ചു വാസനിച്ചു. എന്നിട്ടു തന്റെ കൂട്ടുകാർക്കും വാസനിക്കാൻ കൊടുത്തു.
പിന്നെയും അദ്ദേഹം ചോദിച്ചു: ‘എനിക്കൊന്നുകൂടി വാസനിക്കാൻ അനുവാദം തരുമോ?’
‘അതെ, ആവട്ടെ.’ എന്നവൻ പറഞ്ഞു.
അവൻ അദ്ദേഹത്തിന്റെ പിടുത്തത്തിൽ ഒതുങ്ങിക്കഴിഞ്ഞപ്പോൾ കൂട്ടുകാരോടു പറഞ്ഞു: ‘നിങ്ങൾ നോക്കിക്കൊള്ളുക.’
ഉടനെ അവർ അവന്റെ കഥ കഴിച്ചു.
പിന്നീടവർ തിരുമേനിയുടെ അടുക്കൽ വന്ന് വിവരങ്ങളെല്ലാം പറഞ്ഞു.”
(ബുഖാരി – 1572)
2. അബൂ റാഫിഇന്റെ കൊലപാതകം
(ബുഖാരി – 1573)
ബറാഅ് (റ) പറയുന്നു:
“അൻസാരികളിൽ കുറെ പേരെ ജൂതനായ അബൂ റാഫിഇന്റെ അടുക്കലേക്ക് തിരുമേനി (സ) അയച്ചു. നേതാവായി അബ്ദുള്ള ബിൻ അതീക്കിനെ നിശ്ചയിച്ചു.
അബൂ റാഫി അല്ലാഹുവിന്റെ ദൂതനെ ഉപദ്രവിക്കുകയും ശത്രുക്കളെ സഹായിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവൻ ഹിജാസിലുള്ള ഒരു കോട്ടയിലാണു താമസിച്ചിരുന്നത്.
അവർ അവൻ താമസിക്കുന്നതിനടുത്തെത്തിയപ്പോൾ സൂര്യൻ അസ്തമിച്ചുകഴിഞ്ഞിരുന്നു. ജനങ്ങൾ കാലികളുമായി വീടുകളിലേക്കു മടങ്ങി.
അബ്ദുള്ള തന്റെ കൂട്ടുകാരോടു പറഞ്ഞു: ‘നിങ്ങൾ ഇവിടെത്തന്നെ ഇരിക്കൂ. ഞാൻ പോയി ഗേറ്റ് കാവൽക്കാരനോട് എന്തെങ്കിലും സൂത്രം പറഞ്ഞു അകത്തു കടക്കാൻ പറ്റുമോ എന്നു നോക്കട്ടെ.’
ഇതു പറഞ്ഞുകൊണ്ട് അദ്ദേഹം ഗേറ്റിനടുത്തേക്കു നീങ്ങി. എന്നിട്ട് വസ്ത്രം കൊണ്ട് ശരീരം മറച്ച് മൂത്രമൊഴിക്കാനിരിക്കുമ്പോലെ ഇരുന്നു.
കോട്ടക്കുള്ളിൽ താമസിക്കുന്നവർ അകത്തു കടന്നുകഴിഞ്ഞപ്പോൾ ഗേറ്റു കാവൽക്കാരൻ ഇദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: ‘നീ അകത്തു കടക്കുന്നുണ്ടെങ്കിൽ വേഗം കടക്കൂ. ഞാൻ ഗേറ്റ് അടക്കാൻ പോവുകയാണ്.’
അപ്പോൾ ഞാൻ അകത്തു കടന്ന് ഒളിഞ്ഞിരുന്നു.
ജനങ്ങളെല്ലാം കടന്നുകഴിഞ്ഞപ്പോൾ കാവൽക്കാരൻ ഗേറ്റടച്ച് താക്കോൽക്കെട്ട് ഒരു ആണിയിൽ തൂക്കിയിട്ടു.
കുറച്ചു കഴിഞ്ഞ് ഞാൻ എണീറ്റ് ആ താക്കോലുകൾ എടുത്ത് വാതിൽ തുറന്നു.
കോട്ടയുടെ മുകൾഭാഗത്ത് അബൂ റാഫിഇന്റെ അടുക്കലിരുന്ന് ചിലർ രാക്കഥകൾ പറയുന്നുണ്ടായിരുന്നു.
അവർ പിരിഞ്ഞുപോയപ്പോൾ ഞാൻ അവന്റെ അടുക്കലേക്കു ചെന്നു. ഞാൻ കയറുമ്പോൾ ഓരോ വാതിലും അകത്തുനിന്നു പൂട്ടിക്കൊണ്ടിരുന്നു.
‘ജനങ്ങൾ എന്റെ വരവിനെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞാൽ ഞാൻ അവനെ കൊല്ലും വരേക്കും ആരും എന്റെയടുക്കൽ എത്തരുത്’ എന്നായിരുന്നു എന്റെ ഉദ്ദേശ്യം.
ഞാൻ അവന്റെ അടുക്കൽ എത്തിക്കഴിഞ്ഞപ്പോൾ അവൻ ഒരു ഇരുട്ടുമുറിയിൽ അവന്റെ കുടുംബാംഗങ്ങളോടൊപ്പം കിടക്കുകയാണ്. മുറിയുടെ ഏതു ഭാഗത്താണ് അവൻ കിടക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ.
‘അബൂ റാഫി! ‘ ഞാൻ വിളിച്ചു.
‘ആരാണത്?’ അവൻ ചോദിച്ചു.
ഉടനെ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് വാൾ ഓങ്ങി പരിഭ്രാന്തിയോടെ ഞാനൊരു വെട്ടു കൊടുത്തു. എന്റെ വെട്ടുകൊണ്ടു യാതൊരു ഫലവും ഉണ്ടായില്ല.
അവൻ നിലവിളിക്കാൻ തുടങ്ങി.
ഞാൻ മുറിക്കുള്ളിൽ നിന്നു പുറത്തുകടന്ന് അല്പം അകലെ മാറിനിന്നു. ഞാൻ അവന്റെ അടുക്കലേക്ക് കടന്നുചെന്നു ചോദിച്ചു: ‘അബൂ റാഫി! എന്താണ് ഇവിടെ ഒരൊച്ച കേട്ടത്?’
അവൻ പറഞ്ഞു: ‘നിന്റെ ഉമ്മാക്ക് നാശം! വീട്ടിനുള്ളിൽ ആരോ കടന്ന് അല്പം മുമ്പ് എന്നെ വാളുകൊണ്ട് വെട്ടി.’
അതു പറഞ്ഞ അവസരത്തിൽ ഞാൻ അവനെ ഒരു വെട്ടു കൊടുത്തു. അവൻ അവശനായിപ്പോയി. പക്ഷെ കഥ കഴിഞ്ഞില്ല.
ഉടനെ ഞാൻ എന്റെ വാൾത്തല അവന്റെ വയറ്റത്തു വെച്ചു താഴ്ത്തി. അവന്റെ മുതുകിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി, അവന്റെ കഥ കഴിഞ്ഞെന്ന്.
പിന്നീട് ഞാൻ ഓരോ വാതിലും തുറന്നുകൊണ്ടിരുന്നു.
അവസാനം ഒരു കോണിയുടെ അടുത്തെത്തിയപ്പോൾ താഴെ എത്തിക്കഴിഞ്ഞെന്നു വിചാരിച്ച് ഞാൻ കാൽ കീഴ്പ്പോട്ടു വെച്ചു. ഉടനെ ഞാൻ വീണു. എന്റെ കാൽ മുറിഞ്ഞു.
ഒരു തലപ്പാവുകൊണ്ട് അത് കെട്ടിയിട്ട് ഞാൻ മുമ്പോട്ടു നടന്നു.
വാതിൽക്കലെത്തിയപ്പോൾ അവിടെയിരുന്നു. ‘ഈ രാത്രി അവൻ മരിച്ചോ എന്നറിയും വരേക്കും ഞാൻ പുറത്തു പോവുകയില്ല’ എന്നു തീരുമാനിച്ചു.
കോഴി കൂവിയപ്പോൾ മരണവൃത്താന്തം അറിയിക്കുന്നവൻ ഒരു മതിലിൽ കയറിനിന്നു ഒരു കാഹളത്തിൽ വിളിച്ചു പറഞ്ഞു: ‘ഹിജാസുകാരുടെ കച്ചവടക്കാരനായിരുന്ന അബൂ റാഫിഇന്റെ മരണവാർത്ത ഞാനിതാ അറിയിച്ചുകൊള്ളുന്നു.’
ഉടനെ ഞാൻ എന്റെ കൂട്ടുകാരുടെ അടുക്കലേക്കു പോയി. ‘വേഗം രക്ഷപ്പെട്ടുകൊള്ളുക. അബൂ റാഫിഇനെ അല്ലാഹു കൊന്നുകഴിഞ്ഞിരിക്കുന്നു.’ ഞാൻ അവരെ ഉണർത്തി.
ഞാൻ തിരുമേനിയുടെ അടുക്കലെത്തി വിവരങ്ങളെല്ലാം ഉണർത്തി.
അവിടുന്ന് അരുളി: ‘നീ കാലു നീട്ടൂ.’
ഞാൻ കാൽ നീട്ടിക്കാണിച്ചു. അവിടുന്ന് അതിന്മേൽ തടവി. അപ്പോൾ ആ കാൽ യാതൊന്നും സംഭവിച്ചിട്ടില്ലാത്തപോലെയായിത്തീർന്നു.”
(ബുഖാരി – 1573)
3. ഹംസയുടെ വധവും വഹ്ശിയുടെ കഥയും
(ബുഖാരി – 1579)
ഉബൈദുള്ള (റ) പറയുന്നു:
“അദ്ദേഹം ഒരിക്കൽ വഹ്ശിയോട് ചോദിച്ചു: ‘ഹംസയുടെ വധത്തെപ്പറ്റി താങ്കൾ ഞങ്ങൾക്കു വിവരിച്ചു തരുമോ?’
അദ്ദേഹം പറഞ്ഞു: ‘അതെ! ബദർ യുദ്ധത്തിൽ വെച്ച് ഹംസ തുഐമത്തിനെ വധിച്ചു. എന്റെ യജമാനൻ എന്നോടു പറഞ്ഞു: “എന്റെ പിതൃവ്യന് പകരമായി ഹംസയെ വധിക്കുന്ന പക്ഷം ആ നിമിഷം മുതൽ നീ സ്വതന്ത്രനാണ്.”
പിന്നീട് ഉഹ്ദ് സംഭവ വർഷം ജനങ്ങളോടൊപ്പം ഞാനും പുറപ്പെട്ടു.
ഇരു പക്ഷവും യുദ്ധത്തിനായി അണിനിരന്നുകഴിഞ്ഞപ്പോൾ ‘സിബാഅ്’ മുന്നോട്ടു വന്ന് പോർ വിളിച്ചു. ‘യുദ്ധത്തിനിറങ്ങാൻ ആർക്കെങ്കിലും ഒരുക്കമുണ്ടോ?’
ഹംസ അവന്റെ നേരെ വന്നിട്ടു പറഞ്ഞു: ‘സിബാഅ്! ഉമ്മു അമ്മാറിന്റെ പുത്രാ!’
തുടർന്ന് അദ്ദേഹം അവനെ പരിഹാസപൂർവ്വം അഭിസംബോധന ചെയ്തിട്ട് ‘അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും നേരെ നീ ശത്രുത പുലർത്തുകയാണോ?’ എന്നു ചോദിച്ചു.
അദ്ദേഹം അവന്റെ നേരെ ചാടി. അതോടെ അവന്റെ കഥയും കഴിഞ്ഞു.
ഞാൻ ഒരു പാറക്കല്ലിന്റെ കീഴെ ഹംസയെ പ്രതീക്ഷിച്ച് പതിയിരിക്കുകയായിരുന്നു. എന്റെ അടുത്തെത്തിയപ്പോൾ അദ്ദേഹത്തെ എന്റെ കുന്തം കൊണ്ട് ഞാൻ കുത്തി. നാഭിയിലാണ് കുത്തിയത്. എന്നിട്ടു രണ്ടു ചന്തിക്കടിയിലൂടെ പുറത്തു വന്നു. അങ്ങനെയാണ് ഹംസയുടെ പര്യവസാനമുണ്ടായത്.
അവസാനം മറ്റുള്ളവരോടൊപ്പം ഞാനും മക്കയിലേക്കു മടങ്ങി. ഇസ്ലാം സർവ്വത്ര പ്രചരിക്കും വരേക്കും അവിടെത്തന്നെ ഞാൻ താമസിച്ചു. അവസാനം ഞാൻ താഇഫിലേക്കു പോയി.
താഇഫുകാർ നബിയുടെ അടുക്കലേക്കു ദൂതനെ അയച്ചപ്പോൾ, ‘നബി ദൂതന്മാരെ ദ്രോഹിക്കുകയില്ല’ എന്ന് ആളുകൾ എന്നോട് പറഞ്ഞു.
ഞാനും അവരോടൊപ്പം ചേർന്നു തിരുമേനിയുടെ അടുക്കലേക്കു പോയി.
എന്നെ കണ്ടപ്പോൾ ‘നീയാണോ വഹ്ശി?’ എന്നു തിരുമേനി ചോദിച്ചു.
‘അതെ.’ എന്നു ഞാൻ ഉത്തരം പറഞ്ഞപ്പോൾ ‘ഹംസയെ കൊന്നതു നീയാണോ?’ എന്നു തിരുമേനി ചോദിച്ചു.
‘അങ്ങേക്കു ലഭിച്ച വാർത്തകളെല്ലാം യഥാർത്ഥമാണ്.’ എന്നു ഞാൻ മറുപടി പറഞ്ഞു.
‘നിന്റെ മുഖത്തെ എന്റെ ദൃഷ്ടിയിൽ നിന്ന് അകറ്റിനിർത്താൻ നിനക്കു കഴിയുമോ?’ തിരുമേനി ചോദിച്ചു.
ഉടനെ ഞാൻ അവിടം വിട്ടുപോന്നു.
പിൽക്കാലത്തു തിരുമേനി പരലോകപ്രാപ്തനാവുകയും മുസൈലിമത്തുൽ കദ്ദാബ് പുറപ്പെടുകയും ചെയ്തപ്പോൾ, ഞാൻ മുസൈലിമത്തിന്റെ നേരെ പുറപ്പെടാൻ തീരുമാനിച്ചു.
‘ഒരു പക്ഷേ അവനെ കൊല്ലാൻ കഴിഞ്ഞെങ്കിൽ അതു ഹംസയെ കൊന്നതിനു പ്രായശ്ചിത്തമായെങ്കിലോ’ എന്നാണു ഞാൻ ഓർത്തത്.
മറ്റുള്ളവരോടൊപ്പം ഞാൻ മുസൈലിമത്തിന്റെ അടുക്കലേക്കു പുറപ്പെട്ടു.
അവന്റെ സ്ഥിതി മുമ്പ് കേട്ടിരുന്നപോലെത്തന്നെ. യുദ്ധക്കളത്തിൽ ഒരു മനുഷ്യൻ അതാ ഒരു മതിൽ പൊട്ടിയ സ്ഥലത്തു നിൽക്കുന്നു. മുടി പാറിപ്പറന്നു നിൽക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ തവിട്ടുനിറത്തിലുള്ള ഒരൊട്ടകം പോലെയുണ്ട്.
ഞാൻ അയാളുടെ നെഞ്ചിൽ കുന്തം കൊണ്ടൊരു കുത്തു കൊടുത്തു. ആ കുന്തം രണ്ടു ചുമലിന്നടിയിലൂടെ പുറത്തു കടന്നു.
അതിന്നിടയ്ക്ക് ഒരു അൻസാരി അവന്റെ നേരെ ചാടിയിട്ട് തന്റെ വാൾ കൊണ്ട് അവന്റെ തലമണ്ടക്ക് ഒരു വെട്ടു കൊടുത്തു.”
(ബുഖാരി – 1579)
നിരീക്ഷണങ്ങൾ
- കഅബ് ബിൻ അഷ്റഫിന്റെ കൊലപാതകം:
- മുഹമ്മദ് നബി അദ്ദേഹത്തെ കൊല്ലാൻ ആജ്ഞാപിക്കുന്നു.
- നുണ പറയാൻ (സൂത്രവാക്കുകൾ) അനുവാദം നൽകുന്നു.
- കൊലപാതകം വഞ്ചനയിലൂടെ നടപ്പിലാക്കുന്നു.
- കഅബിന്റെ വളർത്തു സഹോദരൻ കൊലപാതകത്തിൽ പങ്കാളിയാകുന്നു.
- അബൂ റാഫിഇന്റെ കൊലപാതകം:
- രാത്രിയിൽ ഒളിച്ചുകടന്ന് കൊലപ്പെടുത്തൽ.
- വാതിലുകൾ പൂട്ടി രക്ഷപ്പെടാനുള്ള വഴികൾ തടയൽ.
- കൊലപാതകത്തിന് ശേഷം മുഹമ്മദ് നബി മുറിവ് തടവി സുഖപ്പെടുത്തുന്നു.
- ഹംസയുടെ വധം:
- വഹ്ശി ഒരു അടിമ ആയിരുന്നു.
- അവന്റെ യജമാനൻ ഹംസയെ കൊന്നാൽ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു.
- വഹ്ശി ഒളിച്ചിരുന്ന് കുന്തമെറിഞ്ഞ് ഹംസയെ കൊല്ലുന്നു.
- പിന്നീട് വഹ്ശി മുസ്ലിമാകുന്നു.
- മുഹമ്മദ് നബി വഹ്ശിയുടെ മുഖത്ത് നോക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല (“നിന്റെ മുഖത്തെ എന്റെ ദൃഷ്ടിയിൽ നിന്ന് അകറ്റിനിർത്താൻ നിനക്കു കഴിയുമോ?”).
- പിന്നീട് വഹ്ശി മുസൈലിമത്തിനെ കൊല്ലുന്നു – ഇത് ഹംസയെ കൊന്നതിനുള്ള പ്രായശ്ചിത്തം ആയി കണക്കാക്കപ്പെടുന്നു.
വിശകലനം
- “കാരുണ്യവാനായ” പ്രവാചകൻ വഞ്ചനയും നുണയും ഉപയോഗിച്ച് ആളുകളെ കൊല്ലാൻ ആജ്ഞാപിക്കുന്നു.
- രാത്രി കൊലപാതകങ്ങൾ, ഒളിച്ചിരുന്ന് ആക്രമണം – ഇവ യുദ്ധമര്യാദകൾക്ക് എതിരാണ്.
- വളർത്തു സഹോദരനെ ഉപയോഗിച്ച് കൊലപ്പെടുത്തൽ – കുടുംബബന്ധങ്ങളെ ലംഘിക്കൽ.
- വഹ്ശി ഹംസയെ കൊന്നിട്ടും പിന്നീട് മുസ്ലിമാകുന്നു – ഇത് ഇസ്ലാമിൽ മുൻകാല കുറ്റങ്ങൾക്ക് എങ്ങനെ പരിഗണന നൽകുന്നു എന്ന് കാണിക്കുന്നു.
- എന്നാൽ മുഹമ്മദ് നബി വഹ്ശിയുടെ മുഖത്ത് നോക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല – ഇത് ദ്വേഷവും സൂചിപ്പിക്കുന്നു.
ചോദ്യങ്ങൾ
- ഒരു പ്രവാചകൻ ആളുകളെ കൊല്ലാൻ വഞ്ചനയും നുണയും അനുവദിക്കുന്നത് എത്രത്തോളം ശരിയാണ്?
- “യുദ്ധം വഞ്ചനയാണ്” എന്ന തത്വം ഒരു പ്രവാചകന്റെ ധാർമ്മിക നിലവാരത്തിന് അനുയോജ്യമാണോ?
- വളർത്തു സഹോദരനെ ഉപയോഗിച്ച് ഒരാളെ കൊല്ലിക്കുന്നത് കുടുംബബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു?
- വഹ്ശി ഹംസയെ കൊന്നിട്ടും മുസ്ലിമായത് – ഇത് ഇസ്ലാമിന്റെ ധാർമ്മിക നിലവാരത്തെക്കുറിച്ച് എന്താണ് സൂചിപ്പിക്കുന്നത്?
- മുഹമ്മദ് നബി വഹ്ശിയുടെ മുഖത്ത് നോക്കാൻ ഇഷ്ടപ്പെടാത്തത് – ഇത് ക്ഷമയുടെ ഉദാഹരണമാണോ, അതോ ദ്വേഷത്തിന്റെ ഉദാഹരണമാണോ?
- ഈ കൊലപാതകങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ “മാതൃകാ” ആയി കണക്കാക്കുന്നുവെങ്കിൽ, ഇത് ഇസ്ലാമിന്റെ സമാധാനപരമായ സ്വഭാവത്തെക്കുറിച്ച് എന്താണ് പറയുന്നത്?
