A website exposing Islam through it's Origin

ഇസ്ലാമിൽ തുടരണോ


1. സ്വർഗ്ഗ പ്രതിഫലത്തിനായി യുദ്ധത്തിലേക്ക്

ജാബിർ (റ) പറയുന്നു:
“ഉഹ്ദ് യുദ്ധദിവസം ഒരാൾ തിരുമേനിയുടെ അടുക്കൽ ചെന്നു ചോദിച്ചു:
‘വധിക്കപ്പെടുന്ന പക്ഷം എവിടെയായിരിക്കും ഞാൻ ?’
‘സ്വർഗ്ഗത്തിൽ,’ തിരുമേനി അരുളി.
ഉടനെ ആ മനുഷ്യൻ കയ്യിലുണ്ടായിരുന്ന ഈത്തപ്പഴം വലിച്ചെറിഞ്ഞ് യുദ്ധക്കളത്തിലേക്കോടി. യുദ്ധം ചെയ്തു മരണം വരിച്ചു.”
(ബുഖാരി – 1574)


2. യുദ്ധവിജയത്തിനുള്ള പ്രാർത്ഥന

അബൂ ഹുറൈറ (റ) പറയുന്നു:
“യുദ്ധം വിജയിക്കുന്ന ഘട്ടത്തിൽ തിരുമേനി (സ) ഇങ്ങനെ അരുളുക പതിവായിരുന്നു:
‘അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല; അവൻ ഏകനാണ്; അവൻ തന്റെ സേനക്ക് അന്തസ്സും പ്രതാപവും പ്രദാനം ചെയ്തു. തന്റെ ദാസനെ സഹായിച്ചു. ഏകനായി നിന്നുകൊണ്ടു തന്നെ ഐക്യകക്ഷികളെ അവൻ പരാജയപ്പെടുത്തി. അവന്നു പുറമെയുള്ള ഒരു വസ്തുവിനും ശാശ്വതവും യഥാർത്ഥവുമായ നിലനിൽപ്പില്ല തന്നെ.’
(ബുഖാരി – 1584)


3. യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളുമായുള്ള ബന്ധം

അബൂ സഈദ് (റ) പറയുന്നു:
“ഞങ്ങൾ ബനൂ മുസ്തലഖ് യുദ്ധത്തിൽ തിരുമേനിയോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങൾക്കു സ്ത്രീകളുമായി സഹവസിക്കാൻ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങൾക്കസഹ്യമായിത്തീർന്നു.
‘അസ്ൽ’ ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. അതനുസരിച്ച് പ്രവർത്തിക്കുവാൻ ഉദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പിൽ ഉണ്ടു താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങൾ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങൾ ചോദിച്ചു.
തിരുമേനി അരുളി: ‘നിങ്ങൾ അതു ചെയ്യാതിരുന്നാൽ എന്താണു കുഴപ്പം? ലോകാവസാനം വരേക്കും ഉടലെടുക്കാൻ പോകുന്ന ഒരു ജീവി പോലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.’
(ബുഖാരി – 1590)
(അസ്ൽ ചെയ്യുക എന്നാൽ – സംഭോഗ വേളയിൽ പുറത്തേക്കു സ്രവിപ്പിച്ച് ഗർഭധാരണം തടയുന്ന രീതി.)


4. ആത്മഹത്യ ചെയ്ത യോദ്ധാവും നബിയുടെ പ്രവചനവും

സഹ്ൽ (റ) പറയുന്നു:
“ഒരിക്കൽ തിരുമേനിയും മുശ്രിക്കുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇരു കൂട്ടരും ശക്തിയായി പോരാടി. തിരുമേനി തന്റെ സൈന്യത്തിലേക്കും ശത്രുക്കൾ അവരുടെ സൈന്യത്തിലേക്കും തിരിച്ചുപോയി.
ശത്രുക്കളിൽ ഒറ്റയും തെറ്റയുമായിക്കിടക്കുന്ന എല്ലാവരെയും പിന്തുടർന്നു തന്റെ വാളിന്നിരയാക്കിക്കൊണ്ടിരുന്ന ഒരാൾ തിരുമേനിയുടെ അനുചരന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നു.
അന്നേരം ചിലർ പറഞ്ഞു: ‘ഇന്നവൻ നിർവ്വഹിച്ചപോലുള്ള ധീരകൃത്യം ഇന്നു നമ്മിലാരും നിർവ്വഹിച്ചിട്ടില്ല.’
ഉടനെ തിരുമേനി അരുളി: ‘നിങ്ങളോർക്കണം; അവൻ നരകക്കാരനാണ്.’
അപ്പോൾ കൂട്ടത്തിലൊരാൾ പറഞ്ഞു: ‘ഞാൻ അവന്റെ പിന്നാലെ പോകാം.’
റാവി പറയുന്നു: എന്നിട്ട് ആ യോദ്ധാവൊപ്പം അയാൾ പുറപ്പെട്ടു. അയാൾ നിൽക്കുമ്പോഴൊക്കെ ഇദ്ദേഹവും നിൽക്കും. അയാൾ വേഗം പോയാൽ അയാളോടൊപ്പം ഇദ്ദേഹവും വേഗം പോകും.
ആ യോദ്ധാവിന് കനത്ത ഒരു മുറിവു പറ്റി. അപ്പോൾ അയാൾ വേഗം മരിക്കാൻ വട്ടം കൂട്ടി. തന്റെ വാളിന്റെ വായ്ത്തല മേൽപ്പോട്ടും പിൻഭാഗം ഭൂമിയിലേക്കും ആക്കിവെച്ചിട്ട് ആ വാളിന്മേൽ വീണ് ആത്മഹത്യ ചെയ്തു.
അയാളെ പിന്തുടർന്നിരുന്ന മനുഷ്യൻ തിരുമേനിയുടെ അടുക്കൽ വന്നു പറഞ്ഞു: ‘അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്നു ഞാനിതാ സാക്ഷ്യം വഹിക്കുന്നു.’
തിരുമേനി ചോദിച്ചു: ‘അതിനിപ്പോഴെന്തുണ്ടായി?’
അദ്ദേഹം പറഞ്ഞു: ‘അവിടുന്ന് അല്പം മുൻപ് ഒരാളെക്കുറിച്ച് അയാൾ നരകക്കാരൻ എന്നു പറഞ്ഞല്ലോ. ജനങ്ങൾക്ക് അതു കേട്ടപ്പോൾ വലിയ അസുഖം തോന്നി. ഞാനവരോട് പറഞ്ഞു: അയാളുടെ യഥാർത്ഥ നിലപാട് ഞാൻ പോയി നോക്കിവരാം. ഞാൻ അവനെ പിന്തുടർന്നു. അവസാനം അവനു കനത്ത ഒരു മുറിവു പറ്റി. അപ്പോൾ അവൻ വാളിന്മേൽ വീണ് ആത്മഹത്യ ചെയ്തു.’
തിരുമേനി അരുളി: ‘ഒരു മനുഷ്യൻ ജനദൃഷ്ടിയിൽ സ്വർഗ്ഗവാസികളുടെ പ്രവൃത്തിയായിരിക്കും ചെയ്യുക; വാസ്തവത്തിൽ അയാൾ നരകക്കാരനായിരിക്കും. മറ്റൊരാൾ ജനദൃഷ്ടിയിൽ നരകക്കാരുടെ പ്രവൃത്തിയാകും ചെയ്യുക. വാസ്തവത്തിൽ അയാൾ സ്വർഗ്ഗക്കാരനായിരിക്കും.’
(ബുഖാരി – 1603)


5. ബനൂ ഖുറൈള ഗോത്രക്കാരുടെ കൂട്ടക്കൊല

അബൂ സഈദ് (റ) പറയുന്നു:
“ബനൂ ഖുറൈള ഗോത്രക്കാർ സഅദ് ഇബ്നു മുആദിന്റെ തീരുമാനം സമ്മതിക്കുവാൻ സന്നദ്ധരായി കോട്ടയിൽ നിന്നു പുറത്തേക്കിറങ്ങിവന്നു.
തിരുമേനി സഅദിന്റെ അടുക്കലേക്ക് ആളയച്ചു. ഒരു കഴുതപ്പുറത്ത് കയറിക്കൊണ്ട് ഇറങ്ങിവന്ന സഅദ് പള്ളിയെ സമീപിച്ചപ്പോൾ, ‘നിങ്ങളുടെ നേതാവിനെ ആദരിച്ചുകൊണ്ട് എഴുന്നേറ്റുനിൽക്കുക’ എന്നു തിരുമേനി അരുളി.
സഅദ് തിരുമേനിയുടെ മുൻപിൽ എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തോട് തിരുമേനി അരുളി: ‘ഇക്കൂട്ടർ നിങ്ങളുടെ വിധി സ്വീകരിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു.’
സഅദ് പറഞ്ഞു: ‘അവരിലുള്ള പുരുഷന്മാരെ വധിക്കുകയും അവരുടെ കുട്ടികളെയും സ്ത്രീകളെയും അങ്ങ് ബന്ധനസ്ഥരാക്കുകയും ചെയ്യണമെന്നാണ് എന്റെ തീരുമാനം.’
അപ്പോൾ, ‘അല്ലാഹുവിന്റെ വിധിയനുസരിച്ചു തന്നെയാണു താങ്കൾ വിധി കൽപ്പിച്ചിരിക്കുന്നത്’ എന്നു തിരുമേനി അരുളി.”
(ബുഖാരി – 1585)


6. ബനൂ ഖുറൈള കൂട്ടക്കൊലയുടെ വിശദമായ വർണ്ണന

ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലകളിലൊന്ന്) ഇസ്ലാമിന്റെ ചരിത്രകാരന്മാർ വിവരിച്ചിട്ടുള്ളതിൽ നിന്നും അല്പം ദീർഘമായി ഇവിടെ ഉദ്ധരിക്കാം:


ഖന്തഖ് യുദ്ധത്തിനുശേഷം

“ഹിജ്ര അഞ്ചാം വർഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈളക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു.

ഖന്തഖിൽ നിന്നും വിരമിച്ച തിരുമേനി മദീനയിൽ പ്രവേശിച്ചു ളുഹർ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടിൽ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോൾ ജിബ്രീൽ വന്നു നബിക്കു സലാം ചൊല്ലി. ജിബ്രീൽ തിരുമേനിയോട് ചോദിച്ചു: ‘യാ റസൂലുള്ളാ, താങ്കൾ ആയുധം അഴിച്ചുവെച്ചോ?’ ‘അഴിച്ചുവെച്ചു’ എന്നു തിരുമേനി മറുപടി പറഞ്ഞപ്പോൾ ‘ഞാൻ അഴിച്ചുവെച്ചില്ല’ എന്നു ജിബ്രീൽ പ്രതിവചിച്ചു.

‘ശത്രു സംഘങ്ങൾ സംഘടിച്ചു താങ്കളെ എതിർത്തതു മുതൽ മലക്കുകൾ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോൾ ഹമ്രാഉൽ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങൾ മടങ്ങിയതുമില്ല.’ എന്നാണു ജിബ്രീൽ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്.

ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാൻ അല്ലാഹു താങ്കളോട് കൽപ്പിച്ചിരിക്കുന്നു എന്ന് ജിബ്രീൽ തിരുമേനിയെ അറിയിച്ചു. ‘ഞാൻ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ്രീൽ തുടർന്നു പറഞ്ഞു.

‘എന്റെ ജനങ്ങൾ ക്ഷീണിച്ചിരിക്കുന്നു, അല്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോൾ, ‘താങ്കൾ പുറപ്പെട്ടുകൊള്ളുക; സത്യമായും സഫാപർവ്വതത്തിന്മേൽ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാൻ തകർത്തുകളയും’ എന്നു ജിബ്രീൽ പ്രസ്താവിച്ചു.

തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ്രീൽ യാത്രതിരിച്ചു. ജിബ്രീൽ കുതിരയെ ഓടിച്ചപ്പോൾ അൻസാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.”


യുദ്ധത്തിനുള്ള ഒരുക്കങ്ങൾ

“യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാൻ തിരുമേനി ബിലാലിനോടു നിർദ്ദേശിച്ചു. സഹാബിമാർ തിരുമേനിയുടെ സന്നിധിയിൽ ഹാജറായി. അലിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു.

തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്ടായിരുന്നത്.

ആ സേന മുമ്പോട്ടു നീങ്ങിയപ്പോൾ അൻസാരുകളിൽ ചിലർ ആയുധമണിയുന്നതായി തിരുമേനി കണ്ടു. ‘കുറച്ചു മുൻപ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങൾ കണ്ടോ?’ എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുൽ കൽബീ അയാളുടെ വെള്ളക്കുതിരമേൽ കയറി ഇതിലേ പോകുന്നതു ഞങ്ങൾ കണ്ടു എന്ന് അവർ പറഞ്ഞപ്പോൾ, ‘അതു ജിബ്രീലാണ്; ഉടനെ പുറപ്പെട്ടുകൊള്ളുക’ എന്നു തിരുമേനി അവർക്കു നിർദ്ദേശം നൽകി.”


യഹൂദികളുമായുള്ള ഏറ്റുമുട്ടൽ

“അലിയുടെ നേതൃത്വത്തിൽ പുറപ്പെട്ട മുന്നോടി സൈന്യം ബനൂ ഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തിൽ അൻസാരുകളും മുഹാജിരുകളും ഉണ്ടായിരുന്നു.

മുസ്ലിം സേനയെ കണ്ടപ്പോൾ യഹൂദികൾ കോട്ടയുടെ വാതിൽ പൂട്ടി മാളികയിൽ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങൾ പുലമ്പി. ‘ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ വാളുകൾ തീരുമാനമുണ്ടാക്കും’ എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികൾ അക്ഷോഭ്യരായി വർത്തിച്ചു.

അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവർ കണ്ടു. പതാകയുടെ മേൽനോട്ടം ഖദാതത്തുൽ അൻസാരിയെ ഏൽപ്പിച്ചുകൊണ്ട്, അലി തിരുമേനിയുടെ അടുക്കലേക്കോടി. ‘താങ്കൾ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട’ എന്നു അലി അഭ്യർത്ഥിച്ചു. ‘അവർ എന്നെ പുലഭ്യം പറയുന്നതു നിങ്ങൾ കേട്ടിരിക്കും, ശരി, ഞാൻ അടുത്തെത്തിയാൽ അവർ പറയില്ല’ എന്നു തിരുമേനി പ്രതിവചിച്ചു.

തിരുമേനി ബനൂ ഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?’ എന്നു തിരുമേനി അവരോടു ചോദിച്ചു. ‘യാ അബുൽ ഖാസിം, താങ്കൾ അറിവില്ലാത്ത ആളല്ലല്ലോ’ എന്നു അവർ മറുപടി പറഞ്ഞു.”


യഹൂദികളുടെ ആഭ്യന്തര ചർച്ചകൾ

“യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളിൽ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികൾ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു.

ബനൂ ഖുറൈളക്കാരുടെ നേതാക്കളിൽ ഒരാളായിരുന്നു കഅബ് ഇബ്നു ഉസൈദ്. സംഭവം ഗൗരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോൾ, അയാൾ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:

‘യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതിൽ നിന്നു രക്ഷ നേടുവാൻ മൂന്നു മാർഗ്ഗങ്ങളാണു ഞാൻ കാണുന്നത്. ആ മാർഗ്ഗങ്ങൾ ഞാൻ പറയാം; അതിൽ യുക്തമെന്നു തോന്നുന്ന ഒരു മാർഗ്ഗം നിങ്ങൾക്കു സ്വീകരിക്കാം.

  1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക.
    കഅബിന്റെ ഈ അഭിപ്രായം അവർ സ്വീകരിച്ചില്ല. തൗറാത്തല്ലാതെ മറ്റൊരു മതം തങ്ങൾക്കു സ്വീകാര്യമല്ല എന്നവർ തീർത്തു പറഞ്ഞു.
  2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകൾക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂർച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തിൽ നാം നശിക്കുകയാണെങ്കിൽ നശിക്കട്ടെ.
    ഈ അഭിപ്രായവും അവർ സ്വീകരിച്ചില്ല. ‘നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം’ എന്നതായിരുന്നു അവരിൽ നിന്നുണ്ടായ പ്രതികരണം.
  3. നാളെ ശനിയാഴ്ച്ചയാണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവർ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താൽ അവരെ തുരത്താൻ കഴിഞ്ഞേക്കും.
    ഈ അഭിപ്രായവും അവർ സ്വീകരിച്ചില്ല. ‘ശനിയാഴ്ച്ച തെറ്റു ചെയ്തവർക്കുണ്ടായ അനുഭവങ്ങൾ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങൾ അതിനു തയ്യാറല്ല’ എന്ന് അവർ മറുപടി പറഞ്ഞു.

അമ്ര് ഇബ്നു സഅദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നിൽ വെച്ചു: ‘അവർക്കു ജസ്യ എന്ന കപ്പം നൽകിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം.’ ഈ അഭിപ്രായം അവർ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ’ എന്നദ്ദേഹം പറഞ്ഞപ്പോൾ ‘അവർക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാൾ നല്ലതു മരിക്കലാണ്’ എന്ന് അവർ മറുപടി നൽകി.”


ഉപരോധത്തിനുശേഷം

“ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികൾ 25 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നബ്ബാശ് ഇബ്നു ഖൈസീ എന്ന ആളെ, മദ്ധ്യസ്ഥനെന്ന നിലയ്ക്കു, തിരുമേനിയുടെ അടുക്കലേക്കയച്ചു.

ബനൂ നുളൈർ ഗോത്രം ചെയ്ത പോലെ, പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടുവിട്ടുകൊള്ളാമെന്നും, അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോട് അഭ്യർത്ഥിച്ചു. തിരുമേനി ആ അഭ്യർത്ഥന സ്വീകരിച്ചില്ല.

സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടുവിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. ‘അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാൻ ഇഷ്ടമുണ്ടെങ്കിൽ മാത്രം കോട്ടയിൽ നിന്നു പുറത്തിറങ്ങിക്കൊള്ളുക’ എന്നു തിരുമേനി മറുപടി നൽകി. നബ്ബാശ് തിരിച്ചുപോയി.”


അബൂ ലുബാബത്തിന്റെ കഥ

“യഹൂദികളുടെ ഭയം മൂർച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവർക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാഅത്ത് ഇബ്നു മുന്ദിറുൽ അൻസാരി യെക്കുറിച്ച് അവർക്ക് ഓർമ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാൻ യഹൂദികൾ അപേക്ഷിച്ചു. ആ അഭ്യർത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചുകൊടുത്തു.

അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോൾ, സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

കഅബ് ഇബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘സ്നേഹിതാ! ഞങ്ങൾ കനത്ത അപകടത്തിൽ പെട്ടിരിക്കുന്നു. ഞങ്ങൾ കണ്ണീരിൽ കുതിർന്നു നശിച്ചുകൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങൾ ഈ നാടുവിട്ടുപോയിക്കൊള്ളാമെന്നും, വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാൻ ഞങ്ങൾക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്?’

‘ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാഅത്ത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാൽ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നൽകുകയും ചെയ്തു.

അബൂ ലുബാബത്ത് (രിഫാഅത്ത്) പറയുന്നു:- ‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് തന്നെ ഞാൻ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാൻ കോട്ടയിൽ നിന്നും പുറത്തിറങ്ങി.’

അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണിൽ അയാൾ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ‘ഞാൻ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ല’ എന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമർശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖഭാരത്താൽ പരിക്ഷീണിതനായി അയാൾ ബോധം കെട്ടു വീണു. ആ ഘട്ടത്തിൽ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്ത വാർത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാർത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചുവിട്ടു. ‘ഞാൻ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാൻ കരുതിയിട്ടുണ്ട്’ എന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോൾ, ‘നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താൽ മതിയാകുമെ’ന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു.”


വിധിയും വധശിക്ഷയും

“ഗത്യന്തരമില്ലെന്നു വന്നപ്പോൾ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂ ഖുറൈളക്കാർ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു.

ഖൈനുഖാഅ ഗോത്രക്കാരുമായി സൗഹൃദക്കരാർ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാർ അഭ്യർത്ഥിച്ചപ്പോൾ, ‘നാടുവിട്ടുപോയിക്കൊള്ളുവാൻ ഖൈനുഖാഅ ഗോത്രക്കാർക്കു താങ്കൾ അനുമതി നൽകിയ പോലെ, ഞങ്ങളുമായി സൗഹൃദക്കരാർ നടത്തിയിട്ടുള്ളവർക്കും നാടുവിട്ടുപോയിക്കൊള്ളുവാൻ താങ്കൾ അനുമതി നൽകേണമെ’ന്ന് ഔസ് ഗോത്രക്കാർ തിരുമേനിയോട് അഭ്യർത്ഥിച്ചു. തിരുമേനി ആ അഭ്യർത്ഥനയും അംഗീകരിച്ചില്ല.

‘ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തിൽ വിധി നൽകുവാൻ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങൾക്കു സമ്മതമാണോ?’ എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങനെ ചെയ്യുന്നതു തങ്ങൾക്കു സമ്മതമാണെന്ന് അവർ സമ്മതിച്ചു. സഅദ് ഇബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു.

സഅദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോൾ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റുനിൽക്കാൻ നിർദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂ ഖുറൈളക്കാരുടെ കാര്യത്തിൽ വിധി നൽകുവാൻ തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു’ എന്ന് സഹാബിമാർ അദ്ദേഹത്തെ അറിയിച്ചു.

വിധി നൽകുവാൻ തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. ‘വിധി നൽകുവാൻ അർഹത അല്ലാഹുവിനും റസൂലിനുമാണ്’ എന്ന് സഅദ് പറഞ്ഞപ്പോൾ, ‘ഇവരുടെ കാര്യത്തിൽ താങ്കൾ വിധി നൽകേണമെന്നാണ് അല്ലാഹുവിന്റെ കൽപ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു.

അപ്പോൾ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സഅദ് ചോദിച്ചു: ‘അല്ലാഹുവിന്റെ കൽപ്പനയെ ആദരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് ചോദിക്കുന്നു; ഞാൻ പറയുന്ന വിധി നിങ്ങൾക്ക് സ്വീകാര്യമാണോ?’ ‘അതെ’ എന്നു സഹാബിമാർ പറഞ്ഞു.

പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചുകൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു: ‘ഇവരെ സംബന്ധിച്ചു ഞാൻ നൽകുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവർക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു.

അനന്തരം ബനൂ ഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: ‘എന്റെ വിധി നിങ്ങൾക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു.

അതിനു ശേഷം സഅദ് ഇബ്നു മുആദ് ഇപ്രകാരം പറഞ്ഞു: ‘ഇവരിൽ പ്രായപൂർത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക. ഇവരുടെ വീടുകൾ മുഹാജിരുകളായ സഹാബിമാരുടെ വസതികളാക്കുക.’

[മുഹാജിരുകളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവർക്കു നൽകുന്നതു ഞങ്ങൾക്കും നൽകേണ്ടതല്ലേ? എന്നു അൻസാരുകളിൽ ചിലർ ചോദിച്ചപ്പോൾ, ‘അവർ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്’ എന്നു സഅദ് മറുപടി പറഞ്ഞു.]

‘അല്ലാഹുവിന്റെ വിധിതന്നെ താങ്കൾ വിധിച്ചത്’ എന്നും, ‘കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ട്’ എന്നും തിരുമേനി പറയുകയുണ്ടായി.”


യുദ്ധമുതലുകളും വധശിക്ഷയും

“പിന്നീട് ബനൂ ഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാൻ തിരുമേനി കൽപ്പിച്ചു. 1500 വാളുകൾ, 300 പടയങ്കികൾ, 2000 ചവളങ്ങൾ, 500 പരിചകൾ, അനേകം വീട്ടുപാത്രങ്ങൾ, ധാരാളം മറ്റു സാധനങ്ങൾ, എന്നിവയും, കുതിരകൾ, ഒട്ടകങ്ങൾ, ആടുമാടുകൾ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കൾക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു.

ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതിൽ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റിവെച്ചു, ശേഷിച്ച നാലോഹരി സഹാബിമാർക്കു പങ്കിട്ടുകൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികൾക്കു വീതിച്ചുനൽകിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരിൽ 36 പേർ അശ്വഭടന്മാരായിരുന്നു. കാലാൾ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരിൽ ഒരാൾക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.

അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികൾ കുഴിക്കുവാൻ തിരുമേനി കൽപ്പിച്ചു. ധാരാളം കുഴികൾ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനാണു ആ കുഴികൾ നിർമ്മിക്കപ്പെട്ടത്.

തടവുകാർ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യ് ഇബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടുവന്നപ്പോൾ, അയാളോടു തിരുമേനി ചോദിച്ചു: ‘ഹേ! അല്ലാഹുവിന്റെ ശത്രുവേ, ഇപ്പോൾ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: ‘പക്ഷെ ഇനിയും എന്നെ കുറ്റം പറയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതിൽ എനിക്കു വ്യസനമില്ല.’

വധശിക്ഷ നടപ്പാക്കുവാൻ അലി, സുബൈർ എന്നിവർക്കു പുറമെ ഔസ് ഗോത്രക്കാരിൽ ചിലരെയും ഏൽപ്പിച്ചു. വധശിക്ഷയുടെ കാര്യത്തിൽ അവർക്ക് എതിർപ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്.

കൊല്ലപ്പെടേണ്ടവർ മുഴുവൻ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടുകഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങൾ നിറഞ്ഞ കുഴികൾ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദ് ഇബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.”


ആയിശയുടെ നിരീക്ഷണം

ആയിശ (റ) പറയുന്നു:
“ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂൽ ബനൂ ഖുറൈളക്കാരായ പുരുഷന്മാരെ തകർത്തുകഴിഞ്ഞിരിക്കുന്നു. അപ്പോൾ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടിൽ കയറിവന്നു. ഉല്ലാസപൂർവ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റിനിന്നു.
അപ്പോൾ പുറത്തു നിന്നു ‘ബയാനാ, ബയാനാ’ എന്നു വിളിക്കുന്നതു കേട്ടു. ‘എന്നെയാണു വിളിക്കുന്നത്, കൊല്ലാൻ വേണ്ടി’ എന്നു പറഞ്ഞുകൊണ്ട് അവൾ പുറത്തേക്കു പോയി. അവൾ കൊല്ലപ്പെട്ടു.
അടുത്ത നിമിഷത്തിൽ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവൾക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതിൽ ഞാൻ അത്ഭുതപ്പെട്ടു.”


സുബൈറിന്റെ കഥ

“ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാർ തമ്മിൽ നടന്ന ബുആസ് യുദ്ധത്തിൽ സാബിത്തിനെ കൊലയിൽ നിന്നും മോചിപ്പിച്ച ഒരു കിഴവൻ ബനൂ ഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര് സുബൈർ എന്നായിരുന്നു.

മുസ്ലിങ്ങളുടെ ഇടയിൽ സാബിത്തിനെ കണ്ടപ്പോൾ അയാൾ സന്തോഷിച്ചു. ബുആസ് യുദ്ധത്തിൽ സാബിത്തിന്റെ ജീവൻ രക്ഷിച്ച വസ്തുത അയാൾ ഓർമ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാൾ പ്രസ്താവിച്ചു.

സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോൾ, സുബൈറിനെ കൊലയിൽ നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു.

സാബിത് പറയുന്നു:- ‘ഈ വിവരം ഞാൻ സുബൈറിനെ അറിയിച്ചപ്പോൾ ‘ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവൻ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാൾ ചോദിച്ചു. ഈ വിവരം ഞാൻ തിരുമേനിയെ അറിയിച്ചപ്പോൾ ‘അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടുതന്നു’ എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നൽകാൻ ഞാൻ തീരുമാനിച്ചു.

വിവരം ആയാളെ അറിയിച്ചപ്പോൾ, ‘ഞങ്ങളുടെ വീട്ടുകാർ ഹിജാസ്കാരാണ്. അവർ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാൻ കഴിയില്ലല്ലോ’ എന്നയാൾ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോൾ, സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടുതന്നു. അതും ഞാൻ സുബൈറിനു വിട്ടുകൊടുത്തു.

അപ്പോൾ സുബൈർ എന്നോടു ചോദിച്ചു: ‘സാബിത്തേ, ബനൂ ഖുറൈളക്കാരുടെ നേതാവായ കഅബ് എവിടെയുണ്ട്?’ അയാൾ കൊല്ലപ്പെട്ടുവെന്നു ഞാൻ പറഞ്ഞപ്പോൾ, ‘നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ?’ എന്നും അയാൾ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാൻ പറഞ്ഞപ്പോൾ ‘ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാൽ എവിടെ?’ എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാൻ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ?’ എന്നു വീണ്ടും അയാൾ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോൾ അയാൾ പറഞ്ഞു: ‘അവരെല്ലാം കൊല്ലപ്പെട്ടെങ്കിൽ, എന്നെയും അവരുടെ കൂടെ നിങ്ങൾ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളിൽ നിന്നും എനിക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തുനിൽക്കാതെ എന്നെയും കൊല്ലുക.’ എന്നു സുബൈർ എന്നോടാവശ്യപ്പെട്ടു.

‘നിങ്ങളെ ഞാൻ കൊല്ലുകയില്ല’ എന്നു ഞാൻ പറഞ്ഞു. ‘ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാൻ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല’ എന്നു സുബൈർ ശഠിച്ചു.

‘സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല’ എന്നയാൾ പറഞ്ഞതു കേട്ടപ്പോൾ ‘നരകത്തിൽ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും’ എന്നു പറഞ്ഞുകൊണ്ട് അബൂബക്കർ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയിൽത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”


7. റൈഹാനയെ സ്വന്തമാക്കൽ

ബനൂ ഖുറൈളാ ഗോത്രത്തിലെ തടവുകാരിൽ നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി.


നിരീക്ഷണങ്ങൾ

  1. സ്വർഗ്ഗ പ്രതിഫലം വാഗ്ദാനം ചെയ്ത് ആളുകളെ യുദ്ധത്തിലേക്ക് പ്രേരിപ്പിക്കുന്നു.
  2. യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളുമായി ബന്ധം പുലർത്താൻ അനുവാദം നൽകുന്നു.
  3. ബനൂ ഖുറൈള കൂട്ടക്കൊല – 600-700 പുരുഷന്മാരെ ഒറ്റ രാത്രിയിൽ കൊന്നു. സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി.
  4. ഒരു സ്ത്രീയെ (ബയാന) കൊല്ലാൻ പ്രത്യേകം വിളിച്ചു.
  5. റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി.
  6. അബൂ ലുബാബത്തിന് തന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ദാനം ചെയ്യാൻ മുഹമ്മദ് ഉപദേശിച്ചു – പകരം അദ്ദേഹത്തിന്റെ പാപം പൊറുക്കപ്പെട്ടു.
  7. സുബൈർ എന്ന കിഴവനെ അബൂബക്കർ കൊന്നു – കാരണം അയാൾ തന്റെ സുഹൃത്തുക്കളോടൊപ്പം മരിക്കാൻ ആഗ്രഹിച്ചു.

Loading...